നമ്മുടെ മക്കളിൽ ഭൂരിപക്ഷംപേരും അമേരിക്കയിലെ ഒന്നാം തലമുറ മലയാളികളാണ്. മാതൃഭാഷയായ മലയാളം സംസാരിക്കാനും, വായിക്കാനും, എഴുതുവാനും അറിയാത്തവരായി അവർ വളരുന്നുത് ദുഃഖകരമാണ്. ഭാഷ അറിയാത്തതിനാൽ നാട്ടിൽ വരുമ്പോൾ വീട്ടിലെ മുതിർന്നവരായി ആശയവിനിമയം നടത്തുവാൻ അവർക്ക് കഴിയുന്നില്ല എന്നത് ഇരുകൂട്ടരും തമ്മിൽ അടുപ്പമുണ്ടാകുന്നതിന് തടസ്സമാകുന്നു. മാത്രമല്ല മാതൃഭാഷയുടെ മഹത്തായ സാഹിത്യ- സംഗീത - കലാ പൈതൃകത്തിൽ നിന്ന് കുട്ടികൾ അകന്നുപോകുന്നത്, അവരുടെ സാംസ്കാരിക വികാസത്തെ അപൂർണ്ണമാക്കി മാറ്റുകയും ചെയ്യുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിനും, നാടും സംസ്കാരവും ആയി ഉണ്ടായിരിക്കേണ്ട ജൈവബന്ധം നിലനിർത്തുന്നതിനു കുട്ടികളെ പ്രാപ്തരാക്കന്നതിനും മലയാളഭാഷയുടെ പ്രാഥമികകാര്യങ്ങൾ അവരെ പഠിപ്പിക്കുക എന്നത് ഏറ്റവും നല്ല ഉപാധിയാണ്.
മറ്റ് പല അമേരിക്കൻ നഗരങ്ങളിലും ഇത്തരം പരിശീലനദൗത്യം ആരംഭിച്ചിട്ടുണ്ട്. കേരളസംസ്ഥാന സർക്കാർ വിദേശത്ത് ജനിച്ച മലയാളികുട്ടികൾക്കായി പഠനപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാറാക്കിയിട്ടുമുണ്ട്. അവ നല്കുന്ന ദിശാബോധത്തിലുടെ നമ്മുടെ കുട്ടികളെ ഭാഷാപരിചയത്തിലേക്ക് നയിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ആഴ്ചയിൽ ഒരു ക്ലാസ്സ് എന്ന നിലയിൽ രണ്ട് വർഷം തുടർന്നാൽ മലയാളത്തിൽ സംസാരിക്കുവാനും വായിക്കുവാനും, എഴുതുവാനും ഉള്ള കഴിവ്, അതിന് ആവശ്യമായ പദസമ്പത്ത് എന്നിവ കുട്ടികൾ ആർജ്ജിക്കും എന്നാണ് വിശ്വസിക്കുന്നത്. രക്ഷിതാക്കളുടെ പൂർണ്ണസഹകരണത്തോടെ മാത്രമേ ഈ ലക്ഷ്യം നിറവേറ്റാൻ കഴിയൂ… കുടുംബാംഗങ്ങൾ തമ്മിലും, മലയാളി കൂടിച്ചേരലുകളിലും സംഭാഷണം മലയാളത്തിലൂടെ ആക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം നാം നടത്തണം. കുട്ടികൾ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട മലയാളപദങ്ങൾ പരിചയപ്പെടുന്നതിന് ഇത് സഹായിക്കും. നല്ല മലയാള സിനിമകൾ കുട്ടികളെ കാണിച്ചും നല്ല മലയാള പുസ്തകങ്ങൾ അവർക്ക് വായിച്ചു കൊടുത്തും, വായിക്കാൻ അവരെ പ്രേരിപ്പിച്ചും ഇക്കാര്യത്തിൽ കുട്ടികളെ നയിക്കാൻ രക്ഷിതാക്കൾക്കും കഴിയും.
ഈ ലക്ഷ്യങ്ങൾ സാക്ഷാല്കരിക്കുന്നതിന് ആവശ്യമായ പിന്തുണ നല്കിയും സഹകരിച്ചും ഈ നവോദ്യമത്തെ വിജയിപ്പിക്കുന്നത് തങ്ങൾ നിർവ്വഹിക്കേണ്ട ചരിത്രപരമായ നിയോഗമാണ് എന്ന് രക്ഷിതാക്കളും മനസ്സിലാക്കുമല്ലോ?